തനിയെ
മീര തിരിഞ്ഞു നോക്കിയപ്പോൾ ആ വഴി വിജനമായിരുന്നു ....തന്നെ ആരോ പിന്തുടരുന്നതായി അവൾക്കു തോന്നി.കോളേജിൽ നിന്നും ഹോസ്റ്റലിലേക്കുള്ള ഈ കുറുക്കു വഴി എഴുമണിക്ക് ശേഷം അത്രക്ക് സുരക്ഷിതമല്ല എന്നവൾക്കു അറിയാമായിരുന്നു.എത്രയെത്ര കഥകളാണ് കേട്ടിട്ടുള്ളത്. പേപ്പർ വർക്കിന്റെ തിരക്കിൽ ലൈബ്രറിയിൽ ഒറ്റപ്പെട്ടുപോയത് അവൾ അറിഞ്ഞില്ല, സർ വന്നു വിളിച്ചപ്പോഴാണ് സമയം ഏഴു കഴിഞ്ഞത് അവൾ ശ്രദ്ധിച്ചത്. വാർഡൻ വിളിച്ചപ്പോൾ പറഞ്ഞതാണ്...ഒരിക്കലും ആ കുറുക്കുവഴിയിലൂടെ ഇരുട്ട് വീണാൽ വരരുത് എന്ന്. പക്ഷെ, വിശപ്പിന്റെ കാഠിന്യവും, ക്ഷീണവുമെല്ലാം ,റൂമിലെ കിടക്കയിലേക്കുള്ള അവളുടെ പ്രയാണത്തിന് വേഗത നൽകി. മനസ്സോ ഊടുവഴിയിലേക്ക് അവളെ തിരിച്ചു വിട്ടു.
കഴിഞ്ഞത് പറഞ്ഞിട്ട് ഇനി കാര്യമില്ല...പേടിയുള്ളിൽ ഉണ്ടെങ്കിലും ആണ്ടിലൊരിക്കൽ എന്ന പോലെ ഉള്ള ഹോസ്റ്റലിലെ ചിക്കൻ കറി, കൂടെ കൂട്ടുകാർ ഓർഡർ ചെയ്ത പിസ്സയും അവളുടെ രുചി മുകുളങ്ങളിൽ ശിശിരബിന്ദുക്കൾ ഏകി. പിന്നെയുള്ള കൂർക്കം വലിച്ചുള്ള സുഖനിദ്ര, നാളെ അവധി ആണെന്നുള്ള ആശ്വാസം.ആകെ മനസ്സ് ഒന്നു തുടുത്ത നേരത്താണ് തന്നെ ആരോ പിന്തുടരുന്നതായി അവൾക്കു തോന്നിയത്.പക്ഷെ തിരിഞ്ഞു നോക്കിയപ്പോൾ ആരെയും കണ്ടില്ല.അവൾ നടത്തം തുടർന്നു
"മീര എന്താ ഇന്ന് വൈകിയത്?" മീര പകച്ചു പോയി. നല്ല പരിചിതമായ ഒരു സ്ത്രീശബ്ദം, പക്ഷെ അത് ആരാണെന്നു മനസിലാക്കാൻ അവൾക്കു സാധിച്ചില്ല."ആരാ...ആരാ അത്!".അവൾ തിരിഞ്ഞു നിന്നു ഉറക്കെ ധൈര്യം സംഭരിച്ചു ചോദിച്ചു. പക്ഷെ അവിടെ ആരെയും കണ്ടില്ല."എനിക്ക് തോന്നിയതാവും". മീര മുന്നോട്ടു നടന്നു. എത്ര നടന്നിട്ടും ഹോസ്റ്റൽ എത്താ-ദുരത്തായതായി അവൾക്കു തോന്നി.
ക്ഷീണം കാരണം തന്റെ കാലുകൾ തളരുന്നതാവും എന്നവൾ ആദ്യം കരുതി.എന്നാൽ നൂറു മീറ്റർ മാത്രം നീളമുള്ള ആ വഴിക്ക് ദൈർഘ്യം കൂടുന്നതുപോലെ, താൻ മുന്നോട്ടു നടക്കുമ്പോളും പിന്നിലേക്കു പോകുന്നപോലെ.നിൽക്കുന്നിടത്തുതന്നെ നിന്നുകൊണ്ട് കാലുകൾ ചലിപ്പിക്കുക മാത്രമാണ് താൻ ചെയ്യുന്നതെന്ന് അവൾ മനസിലാക്കി. ഭയം മുർച്ഛിക്കുകയാണ്...തനിക്കിനി നടക്കാൻ സാധിക്കാത്ത തരത്തിലുള്ള അസുഖമാണോ? അതോ താൻ തളരുകയാണോ? തന്നെ സഹായിക്കാൻ ആരുമില്ലേ? തനിക്ക് എന്താണ് സംഭവിക്കുന്നത്? ഈ ചിന്തകൾ കൊണ്ടു അവളുടെ ഹൃദയം വളരെ വേഗത്തിൽ മിടിച്ചു. ശ്വാസം നില്ക്കുന്ന പോലെ...
"മീര എന്തിനാ പേടിക്കുന്നത്?" ആ ശബ്ദം വീണ്ടും അവളുടെ ഹൃദയമിടിപ്പ് കൂട്ടി .സകല ദൈവങ്ങളെയും വിളിച്ച് അവൾ ഉറച്ച ശബ്ദത്തിൽ തിരിച്ചു ചോദിച്ചു.."ആരാണത്...?"
ഉടനെ എന്തോ ഒരു കാന്തിക വലയം അവളെ കെട്ടി പുണരുന്നതായി അവൾക്കു തോന്നി. തന്റെ ചലനശക്തി പൂർണമായി നഷ്ടപെട്ടിരിക്കുന്നു. വിളിച്ചുകൂവാൻ മനസ്സു വെമ്പുന്നുണ്ടെങ്കിലും, നാവിനു വിലങ്ങിടുന്ന തരത്തിൽ അവളുടെ രക്തസമ്മർദ്ദം വർധിച്ചിരുന്നു...തന്റെ കണ്ണുകളിക്കു ഇരുട്ടു കയറുന്ന പോലെ അവൾക്കനുഭവപ്പെട്ടു.തലകറങ്ങുന്നതാണോ??അതോ...ഏതോ ഒരു അതിന്ദ്രീയശക്തി തന്നിലേക്ക് ആവഹിക്കുന്നതാണോ???
കാറ്റുശക്തമായി വീശി തുടങ്ങി. കരിയിലകൾ പൊഴിയുന്നു. ആ ശബ്ദം അവളെ വല്ലാതെ ഭയപ്പെടുത്തി.പൊടിപടലങ്ങൾ മറച്ച തന്റെ കണ്ണികൾ ഇറുക്കി അടച്ചു അവൾ നിന്നു.പെട്ടന്ന് കാറ്റിന്റെ ശക്തി കുറഞ്ഞു. അവൾ തന്റെ കണ്ണുകൾ തുറന്നു. എങ്ങും ശാന്തത. അതാ തന്റെ മുൻപിലെ ദൂപപടങ്ങൾ നീങ്ങുന്നു.അവിടെ ഒരു സ്ത്രീ രുപം;കാലിൽ കൊലുസ്സുണ്ട്, ചുവന്ന പുടവയാണ് അവൾ ധരിച്ചിരുന്നത്.മുഖം വ്യക്തവുമല്ല.ഓടുവാൻ വേമ്പുന്ന മനസ്സിനെ പിണഞ്ഞിരിക്കുന്ന തളർന്ന കാലുകൾ.തന്റെ ഭയത്തെ ഓർത്തു അവൾ സ്വയം ശപിച്ചു. ചലിക്കാൻ സാധിക്കുന്നില്ല എന്നോർത്തപ്പോൾ താൻ എത്ര ഭീരു ആണെന്നവൾക്കു തോന്നിപ്പോയി.ധീരതയ്ക്കുള്ള അവാർഡ് രാഷ്ട്രപതിയുടെ കയ്യിൽ നിന്നും നേടിയ ഒരു ധീര ജവാന്റെ മകളാണ് താൻ.തന്റെ അച്ഛന്റെ രൂപം അവൾക്കു മുൻപിൽ പ്രൗഢിയോടെ തെളിഞ്ഞു വന്നു.
മൂന്നാം വയസ്സിൽ അമ്മ തങ്ങളെ വിട്ടു പോയപ്പോൾ പോലും,മതവികരങ്ങളിടെ വന്മത്തിലികൾ തകർത്ത പ്രണയഹാരത്താൽ പൊതിഞ്ഞ് തന്റെ ജീവിതസഖിയായ കത്രീനയുടെ മരണം പോലും ജനറൽ ബാലചന്ദ്രനെ തളർത്തിയില്ല. ഒരു പൂ മുട്ടു മാത്രമായിരുന്ന തന്നെ ചേർത്തു പിടിച്ചു സംസ്ഥാനങ്ങളിൽ നിന്നും സംസ്ഥാനങ്ങളിലേക്ക് പലവിധ ധൗത്യങ്ങൾക്കായി യാത്ര ചെയ്യുമ്പോൾ അച്ഛൻ പറയാറുണ്ട്..."ഓരോ പാതകളും നമുക്ക് പുതിയ അനുഭവങ്ങൾ തരും"എന്ന്.
"ഈ കുറുക്കു പാത തനിക്കു എന്തോ ഒരു പുതിയ അനുഭവം നല്കാനുള്ളതാണ്". മീരയ്ക്ക് തോന്നി. അവൾക്ക് നാവിനു ബലം ലഭിക്കുന്നപോലെ തോന്നി.സർവശക്തിയും എടുത്തി അവൾ ചോദിച്ചു.
"എ... എന്താ നിങ്ങൾക്ക് വേണ്ടത്...നിങ്ങൾ..നിങ്ങൾ ആരാണ്..."...;
ആ സ്ത്രീയുടെ മുഖം പുകമറ നീക്കി പൂർണ്ണചന്ദ്രനെ പോലെ മേഘദൂപങ്ങൾക്കിടയിൽ നിന്നും പുറത്തു വന്നു.
മീര ഒന്നു ഞെട്ടി. ശരിക്കും അതൊരു ആഘാതമായിരുന്നു.അവൾ പുറകിലോട്ടു വീഴുമോയെന്നവൾ ഭയപ്പെട്ടു.
"ഈശ്വരാ.....,"അവൾ തന്റെ കണ്ണുകൾ ഇറുക്കിയടച്ചു.
കയ്യിലെ ഫോൺ അലറിക്കരയുന്ന ശബ്ദം കേട്ടാണ് അവൾ കണ്ണുകൾ തുറന്നത്.നോക്കുമ്പോൾ അവൾ നിലത്തു വീണു കിടക്കുകയാണ്. കയ്യിലെ ബാഗും കുറച്ചകലയായി കിടക്കുന്നുണ്ടായിരുന്നു.അവൾ കൈ തറയിൽ കുത്തി എഴുന്നേറ്റു. വസ്ത്രത്തിലും മുടിയിലുമായി പറ്റിയ പൊടിപടലങ്ങളെല്ലാം തട്ടി കുടഞ്ഞ് അവൾ ബാഗിനരികിലേക്കു ചെന്നു. അതേടുക്കുവാൻ കുനിഞ്ഞപ്പോഴാണ്, ബാഗിനടിയിലായി തിളങ്ങുന്ന എന്തോ ഒരു വസ്തു അവളുടെ കണ്ണിൽ പെട്ടത്. അവളത് കയ്യിലെടുത്തു. അതു ആ സ്ത്രീയുടെ കാലിലെ കോലുസ്സ് ആയിരുന്നു. സ്വർണത്തിൽ പൊതിഞ്ഞ, ആന്റിക് ഡിസൈനോടുകൂടിയ മനോഹരമായ ഒന്ന്.അതിന്റെ ചിത്രപണികളും.കൊച്ചു മണികളും മുത്തുകളും അവൾ ശ്രദ്ധിച്ചു. അതിന്റെ ഭംഗിയിൽ അവൾ ലയിച്ചുനിന്നു. ഇപ്പോൾ അവളുടെ മുഖത്ത് ഭയമില്ല, മറിച്ചു ആകാംക്ഷയും സന്തോഷവും കൗതുകവുമാണ് നിഴലിച്ചത്.
മണിച്ചിത്രത്താഴ് ചിത്രത്തിലെ നാഗവല്ലി ആണോ അവളുടെ മുന്നിൽ വന്നത്? ആ സിനിമയിലെ ഗംഗയായി മാറുകയായിരുന്നോ മീര?
"എടി മീരേ...നീ അവിടെ എന്തെടുക്കുവാ..? ",കുഞ്ഞിസ്വാതിയുടെ നീട്ടിയ വിളി കേട്ടു മീര സ്വബോധത്തിലേക്കു തിരിച്ചു വന്നു. കോലുസ്സു ബാഗിലേക്കുപൂഴ്ത്തി വച്ച് അവൾ ഒന്നും സംഭവിക്കാത്ത മട്ടിൽ നിന്നു. "നിന്നോട് ഞാൻ ചോദിക്കണത്തൊന്നും നീ കേൾക്കുന്നില്ല...? നീയെന്താ ഫോൺ എടുക്കാതെ..ഇതെന്താ മേലാകെ പൊടി..! മുടിയിൽ വരെ ഉണ്ടല്ലോ...നീ വീണോ? മീരേ ഞാൻ പറയുന്നതൊന്നും നീ ശ്രെദ്ധിക്കണില്ലേ?"മീരയുടെ നീളമുള്ള പിന്നിയ മുടി പുറകിലോട്ടു ആഞ്ഞ് വലിച്ച് കുഞ്ഞിസ്വാതി പരിഭവത്തോടെ ചോദിച്ചു.
"ഔ...പെണ്ണേ....ഒന്നുമില്ല...നീ അങ്ങു നടക്ക്"എന്നും പറഞ്ഞ് കുഞ്ഞിസ്വാതിയുടെ കയ്യും പിടിച്ച് ആശ്വസിപ്പിച്, മുടി ഒതുക്കി അവൾ ഹോസ്റ്റലിനെ ലക്ഷ്യമാക്കി നടന്നു നീങ്ങി. ഹോസ്റ്റലിന്റെ ഗേറ്റ് കടക്കവേ,മീര ഒന്നു തിരിഞ്ഞു നോക്കി. ആ സ്ത്രീ ,അവർ അവിടെ തന്നെ നിൽക്കുന്നുണ്ടായിരുന്നു.'സ്വാതി അവരെ കണ്ടില്ലേ?'മീരയ്ക്ക് സംശയമായി.
"മീരേ.....!!!,കുഞ്ഞിസ്വാതി വീണ്ടും വിളിച്ചു...."ദാ വരുന്നു...", എന്നും പറഞ്ഞ് ചടുലമായച്ചുവടുകൾ വച്ച് അവൾ ഹോസ്റ്റലിലേക്ക് കയറിപ്പോയി.
ആ ചുവന്ന പുടവയെടുത്ത സ്ത്രീ....അവരെ യക്ഷിയെന്ന് വിളിക്കാമോ?അവർ സത്യത്തിൽ ആരാണ്?
അതാ...അവരുടെ മുഖത്തൊരു ഭാവമാറ്റം. ആദ്യം ഹോസ്റ്റലിലേക്ക് നോക്കി ഒരു നനുത്ത പുഞ്ചിരി, പിന്നെ തൊട്ടുപുറകിലായി നിഴലിച്ചു നിന്ന കോളേജ് കെട്ടിടത്തിലേക്ക് അവൾ ഒറ്റു നോക്കി. ക്രുരവും പൈശാചികവുമായ ഒരു നോട്ടം. പുരികങ്ങൾചുളിച്, ചുണ്ടുകൾ ചുരുക്കി, പകയോടെ ദേഷ്യത്തോടെ ഉള്ള നോട്ടം....
പെട്ടന്ന് കാറ്റു ആഞ്ഞു വീശി. പാലമരത്തിലെ പൂക്കൾ പാറിവീണു.എങ്ങും നിശാഗന്ധിപൂക്കൾ വിരിയുന്ന ഗന്ധം. അവർ ഉറക്കെയുറക്കെ അട്ടഹസിച്ചു..."ഹഹ്ഹഹഹ്ഹഹ്ഹാ....."
മരണത്തിന്റെ മണം നിറഞ്ഞ ആ പാതയിൽ,കാറ്റുപോലും പകയോടെ നിശ്വസിച്ചു.....അപ്പോൾ അവർ അപ്രത്യകഷയായി....
മുറിയിലെ ചുമരിലേക്കു നോക്കി മീര കിടന്നു.എന്തോ,തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വരുന്നില്ല.അവൾ ചിന്തകളിൽ മുഴുകി പോയി.
"എന്നാലും എന്താ അവർക്കെന്നോട് പറയുവാനുള്ളത്? എന്നെ ഇത്ര കാലത്തിനു ശേഷം അവർ തേടി വരാൻ കാരണം? അവർ ആരാണെന്നു എനിക്ക് നന്നായി അറിയാം..പക്ഷെ എന്തോ..മനസിൽ വല്ലാത്ത ഒരു വ്യഥ പോലെ.ആകെ ഒരു ആകുലത..",അവൾ നിദ്രയിലേക്കു ആണ്ടു തുടങ്ങി.
പെട്ടന്ന് മുറിയിലെ ജനാലയുടെ കുറ്റി താനേ തട്ടി തുറന്നു അതിശക്തമായ കാറ്റു ആഞ്ഞു വീശി...മീര കണ്ണുതുറന്നു .ജനാലയുടെ പാളി അടക്കുക എന്ന ലക്ഷ്യവുമായി അവൾ കട്ടിലിൽ നിന്നു എഴുന്നേറ്റു.
അപ്പോഴതാ മേശപ്പുറത്തു അടക്കിവച്ചിരുന്ന പ്രോജക്ടിന്റെ പേപ്പർ കാറ്റിൽ പറന്നു നടക്കുന്നു.അവൾ ഓടിച്ചെന്ന് ആ പേപ്പറുകൾ ശേഖരിച്ചു ഒരു ഫയലിലാക്കി. അപ്പോഴാണ് ഒരു പേപ്പർ ജനാലഴിയിൽ തട്ടി ഇപ്പോൾ പുറത്തേക്കുപോകും എന്ന ഭാവത്തിൽ നിൽക്കുന്നു.മീര ആ പേപ്പറിനു അടുത്തേക്കു കുതിച്ചു.
അവളുടെ വിരൽ തൊട്ടതും ആ പേപ്പർ കത്തിയെരിഞ്ഞു ചാരമായി. മീര കൗതുകത്തോടെ നോക്കിനിന്നു.അല്പനിമിഷങ്ങൾക്കുള്ളിൽ ആ ചാരത്തിൽ നിന്നും ഒരു ചിത്രശലഭം ചിറകടിച്ചു പറന്നുയർന്നു.നീലശലഭം...അതു മുറിയിലാകെ ഒരു സുഗന്ധം പരത്തി,അലമാരയിലെ കണ്ണാടി ചില്ലിൽ ചെന്നിരുന്നു.മീര തന്റെ പ്രതിബിംഭംത്തിലേക്കു നോക്കി.ഒരു മായവലയം തനിക്കുചുറ്റം പ്രകാശവർണങ്ങൾ ഏകിയിരിക്കുന്നു.
ഒരു അശിരി..."നിനക്ക് വേണ്ടിയാണ് ഞാൻ കാത്തിരുന്നത്..നീ എന്നെ സഹായിക്കണം കാരണം മറ്റാരും ആ സത്കർമം ചെയ്യാൻ യോഗ്യരല്ല..പിഴവുകളുടെ മേൽ വഞ്ചനയും ചതിയും കുബുദ്ധിയും കൊണ്ടു അവൻ നേടിയെടുത്തേതെല്ലാം തകരണം.എനിക്ക് തന്നെ അവനെ ഇല്ലാതാക്കണം..നിന്റെ കഴുത്തിലെ ആ ശലഭത്തിന്റെ ലോക്കറ്റിൽ ഞാൻ ഉണ്ട്...",മീരയുടെ കഴുത്തിലെ ലോക്കറ്റ് നീലവെളിച്ചം പകർന്നു പ്രകാശിച്ചു.അതു ശമിച്ചത്തും ആ അശരീരി ഇല്ലാതായി.മീര കട്ടിലിൽ തളർന്നിരുന്നു..
"ആരെ കൊല്ലുന്ന കാര്യമാ പറയുന്നെ? എനിക്കെന്താ യോഗ്യത ഉണ്ടെന്നു പറഞ്ഞെ? ",മീര ആ ലോക്കറ്റിൽ മുറുക്കിപീടിച്ചു.
ജനാലാഴികൾക്കപ്പുറം ആ വിജനമായ പാതയിൽ ചുവന്നപുടവ ഉടുത്ത സ്ത്രീ നിൽക്കുന്നുണ്ടായിരുന്നു.അവരുടെ കണ്ണുകൾ നിറഞ്ഞിരുന്നു.പകയുടെ ഉച്ചകോടിയിൽ നിന്നും..വേദനയുടെ കൊടുമുടിയില്നിന്നും അവർ പൊഴിച്ച ഒരു ആനന്ദാശ്രു... തന്റെ മകൾക്കായിപ്പോഴിച്ച ..അവളുടെ വിജയത്തിനായി പൊഴിച്ച.. ഒരിറ്റു അശ്രു കണം....
"ഗുഡ് മോർണിംഗ് ഡിയർ സ്റ്റുഡന്റ്‌സ്...ഈ മാസം 26 നു നമുക്കെല്ലാവർക്കും അറിയാവുന്ന പോലെ ഫൗണ്ടേഴ്‌സ് ഡേ ആണല്ലോ.കഴിഞ്ഞ മൂന്നു വർഷമായി നമ്മുടെ ചെയർമാൻ സിംഗപ്പൂരിലായത് കൊണ്ട്, നമ്മൾ അതു ആഘോഷിച്ചിരുന്നില്ല.പക്ഷെ ഈ വർഷം,സിംഗപ്പൂരിലെ തന്റെ തിരക്കുകൾ മാറ്റി വച്ചുകൊണ്ട്,അദ്ദേഹം നമ്മുടെ കോളേജിലേക്ക് വരുകയാണ്....എല്ലാവരും കലാപരിപാടികൾ ...മറ്റു ആഘോഷപരിപാടികളിൽ പങ്കെടുത്തു.. ഇതു വൻ വിജയം ആക്കണം എന്നു അഭ്യർത്ഥിക്കുന്നു....നന്ദി ശുഭദിനം.",അനൗൺസ്മെന്റ് സ്പിക്കറിലൂടെ വന്നു കഴിഞ്ഞതും കുട്ടികൾ പിറുപിടുത്തു തുടങ്ങി,"ആകെ ഒരാഴ്ച സമയമേ ഉള്ളു...ആരൊക്കെ എന്തിനനൊക്കെ എന്നു പോലും തീരുമാനം ആയില്ല. ഡാൻസുകളുടെ പാട്ടുപോലും ശരി ആയിട്ടില്ല.ക്ലാസ്സുള്ളപ്പോൾ പ്രാക്റ്റിസ് നടക്കില്ല...",കുട്ടികൾ രോഷാകുലരായി തുടങ്ങി.പെട്ടന്ന് സ്‌പീക്കർ വീണ്ടും ശബ്ദിച്ചു..."പരിപാടികളുടെ അവതരണം മികവുറ്റതാക്കൻ നന്നായി പ്രാക്റ്റിസ് ചെയ്യുക ..ആയതിനാൽ ഇനി ഒരാഴ്ച ക്ലാസ്സുകൾ ഉണ്ടായിരിക്കില്ല..പക്ഷേ അറ്റെണ്ടൻസ് കംബൾസറി ആണ്...",അന്നൗന്സമെന്റ കഴിഞ്ഞതും കുട്ടികളെല്ലാം പരിപാടികൾക്കായി ക്ലാസ്സിൽ നിന്നിറങ്ങി പല വേദികളിക്കു പോയി.
മീരാ ക്ലാസ്സിൽ തന്നെ ഇരുന്നു.ജനലഴികൾക്കപ്പുറം ആ മദിരാശി മരത്തിന്റെ ചുവട്ടിൽ നാലുകെട്ട് ഹാളിലാണ് ക്ലാസിക്കൽ ഡാൻസ് പ്രാക്ടീസ് നടന്നിരിന്നത്.മീര അതു കൗതുകത്തോടെ നോക്കിയിരുന്നു.നാലുകെട്ടിൽ നർത്തകിമാർ നടനമാടുമ്പോൾ..... അവർ...ആ സ്ത്രീ...അവിടെ നിന്നുകൊണ്ട് മീരയെ മാടിവിളിച്ചു. എന്തെന്നില്ലാത്ത സന്തോഷത്തോടെ മീര നാലുകെട്ട് ലക്ഷ്യമാക്കി നടന്നു...
മരത്തളിർ മരത്തിന്റെ ചില്ലകൾ തഴുകി മഴനീർത്തുള്ളികൾ നാലുകെട്ടിലേക്കിഴച്ചിറങ്ങുമ്പോൾ...മഴനൂലിഴകൾ മണ്ണിനെ പുണരുമ്പോൾ... മീര ചുവടുകൾ പിഴക്കാതെ..അടവുകളും,മുദ്രകളും കൊണ്ട് വിസ്മയം തീർത്തു.
എല്ലാവരും അതു കൗതുകത്തോടെ നോക്കി നിന്നു....."ഇന്നേ വരെ ഒരു ഡാൻസ് പ്രോഗ്രാമിന് പോലും ഇവളെ കണ്ടിട്ടില്ലല്ലോ? ഹൗ ഗ്രേസ്ഫുൾ... ഇവളെ നമ്മുക്ക് ലീഡ് ഡാന്സര് ആക്കാം?..",ബാക്കിയുള്ളവർ പറഞ്ഞു.അങ്ങനെ,ശിവസ്തുതിയായ..'ഹര ഹര മഹാദേവ...',എന്ന ഗാനത്തിനകമ്പടിയോടെ അവർ പരിശീലനം ആരംഭിച്ചു.
ശിവഭഗവാന്റെ സരള സ്വഭാവത്തിൽ തുടങ്ങി രൗദ്ര താണ്ഡവത്തിൽ അവസാനിക്കുന്ന ഒരു ഗാനം ... ശ്രീ മഹാദേവന്റെ കഥ .. തന്നിലെ താൻ തന്നെയായ ,തന്നുടെ പാതിയായ സതി ദേവിയെ ശിവഭഗവാൻ പ്രണയിച്ചതും.. സംഹാര നാഥനായതും... തൃക്കണ്ണിനാൽ കോപംപൂണ്ട് ഭസ്മം ആക്കിയതും. പീന്നീട് രൗദ്ര താണ്ഡവത്താൽ നടന്ന, ലോകം കണ്ടതിൽ വച്ച് ഏറ്റവും തീവ്രമായ ചുവടുകൾ വച്ചതും... അവസാനം അർധനാരീശ്വരനായി തന്നിലെ പ്രണയവും സമത്വവും പ്രഖ്യാപിച്ചതും... അങ്ങനെ തുടങ്ങിയ കഥകൾ ഉൾക്കൊള്ളുന്ന ഗാനമായിരുന്നു അത്.
പ്രാക്ടീസ് കഴിഞ്ഞ് മീര മുറിയിൽ തിരിച്ചെത്തി. വല്ലാത്ത ക്ഷിണം അവൾ കട്ടിലിൽ ഇരുന്നു... അപ്പോൾ ഒരു ഗ്ലാസ്സ് വെള്ളവുമായി അവർ അവിടേക്ക് വന്നു;പുഞ്ചിരിച്ചു കൊണ്ട് മീര, അത് വാങ്ങി കുടിച്ചു . ആകെ ഒരു നിശബ്ദത. അവർ പരസ്പ്പരം നോക്കി .നിശബ്ദതയെ ഭേദിച്ചു കൊണ്ട് മീര ചോദിച്ചു.., ''എന്തിനാണ്?.എന്തിനാണ് അമ്മേ എന്നോട് ഡാൻസ് ചെയ്യാൻ ആവശ്യപ്പെട്ടത് ??".അവർ മറുപടി പറഞ്ഞു, " കഴിഞ്ഞ പതിനെട്ടു വർഷമായി ഞാൻ കേൾക്കാൻ ആഗ്രഹിച്ചതാണ്, നീ എന്നെ 'അമ്മ' എന്ന് ഒന്നുകൂടി വിളിക്കുന്നത്... കേട്ടുകൊതി തീരുംമുമ്പേ എനിക്ക് എല്ലാം നഷ്ടപ്പെട്ടു.. നീ,.. നിന്റെ അച്ഛൻ, നമ്മുടെ വീട്, നിന്റെ കുറുമ്പും കുസൃതികളും... എല്ലാം,... ഒരമ്മയുടെ സ്നേഹവും വാത്സല്യവും നിനക്ക് നൽകാൻ എനിക്കായില്ല. ഇടിയും മിന്നലുമുള്ള രാത്രിയിൽ നീ അച്ഛനെ പറ്റിച്ചേർന്ന് അലറിക്കരയുമ്പോൾ ;നിന്നെ ചേർത്തു പിടിച്ചാശ്വസിപ്പിച്ച് ഉറക്കുവാൻ ഞാൻ കൊതിച്ചിട്ടുണ്ട്. നീ ആദ്യമായി സ്കൂളിൽ പോകുമ്പോൾ നിന്റെ കവിളിലൊരുമ്മ തരാൻ എനിക്കു കഴിഞ്ഞില്ല... നീ പനിച്ചു വിറക്കുമ്പോൾ, നിനക്ക് മരുന്നും കരുതലും തരാൻ ഈ അമ്മയ്ക്ക് കഴിഞ്ഞില്ല. നിന്റെ വിജയങ്ങളുടെ മധുരം നുകരാനോ, പരാജയങ്ങളുടെ കയ്പിൽ നിന്നെ കയ്യ്പ്പിടിച്ചുയർത്താനോ എനിക്ക് കഴിഞ്ഞില്ല....," അമ്മ ഇടറുന്ന ശബ്ദത്തേ ടെ പറഞ്ഞു നിർത്തി, മീര അമ്മയെ നോക്കുന്നില്ല."മോളേ... മാളൂട്ടി !!! ... ", അമ്മ വിളിച്ചതും ആ മഴയ മൂന്നു വയസ്സുകാരി ചിണുങ്ങിക്കരഞ്ഞ് അമ്മയെ കെട്ടിപ്പുണർന്നു.,"എന്തിനാണമ്മേ എന്നെ തനിച്ചാക്കിപ്പോയത് ?". അവൾ തേങ്ങി ... മങ്ങിയ ഓർമ്മകളിലേക്ക് മീരയുടെ കണ്ണുനീർ ഊർന്നിറങ്ങി.
ഉത്തർപ്രദേശിലെ ,മീററ്റിലുള്ള അവരുടെ ആ കൊച്ചു വീടും അതിലെ സന്തോഷങ്ങളും .മാളൂട്ടി, നമ്മുടെ മീര, അവളുടെ ഒന്നാം വയസ്സിൽ ആദ്യമായി സംസാരിച്ചു, ".... മ്മ്... അമ്മ'..". മുറ്റത്തേ, പണ്ടു കാലത്തേ പ്രധാനിയായ അംബാസഡർ കാറിന്റെ ബോണറ്റിൽ നിന്നും തലയുയർത്തി മാളുവിന്റെ വിളി കേട്ട്, കേണൽ ബാലചന്ദ്രൻ, തന്റെ പ്രിയ പത്നിയായ കത്രീനയെ നോക്കി. മാളുവിനെ ഇറുക്കിയണച്ച് കത്രീന കരഞ്ഞു. "അമ്മ ... അമ്മ...," മാളൂട്ടി വീണ്ടും വീണ്ടും ഉറക്കെ പറഞ്ഞു. ആ അമ്മയുടെ കണ്ണുകൾ സന്തോഷാശ്രുവിനാൽ നിറഞ്ഞിരുന്നു. ആ നിമിഷം ഏതൊരമ്മയും തന്റെ പേറ്റുനോവിനെ ഈശ്വരൻ തന്ന ഏറ്റവും വലിയ അനുഗ്രഹമായി കാണുന്ന മുഹൂർത്തം...
മാളുവിനെ ഉറക്കികെടുത്തിയതിനു ശേഷം ബാലചന്ദ്രന്റെ കൈത്തണ്ടയിൽ കിടന്നു കൊണ്ട് അവർ പറഞ്ഞു ,"ഇന്ന് എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ദിവസമാണ് ... ", അവൾ തേങ്ങിക്കരഞ്ഞു.പിന്നീട് ആ വീട് സന്തോഷത്താൽ നിറഞ്ഞു നിന്നു.മാളൂട്ടിയുടെ കളിയും ചിരിയും കലപിലയും കൊണ്ട് ആ വീടിന് ഐശ്വര്യം കൈവന്നു....രണ്ട് വർഷങ്ങൾ വേഗം കടന്നുപോയി. മാളൂട്ടിക്ക് വയസ്സ് മൂന്ന്.നവംബർ ഒന്നാം തിയ്യതി മുതൽ അവൾ സ്കൂളിൽ, നഴ്സറി ക്ലാസ്സിലേക്ക് പോവുകയാണ്. അതിനുള്ള തയ്യാറെടുപ്പിലാണ് എല്ലാവരും.ബാലപാഠങ്ങളും സ്നേഹ പാഠങ്ങളുമെല്ലാം ആ അമ്മ അവൾക്ക് പകർന്നു കൊടുത്തു.. ,"വാട്ട് ഈസ് യുവർ നേയ്ം?, " കത്രീന ചോദിച്ചു. കൊഞ്ചി കൊഞ്ചി മാളൂട്ടി പറഞ്ഞു, "മൈ നെയ്ം ഈസ് മീര... മീര ബാലചന്ദ്രൻ."
കത്രീന കയ്യടിച്ചു...മാളൂട്ടി കിണുങ്ങി ചിരിച്ചു.. ആ ചിരി മായാൻ അധികം നേരം വേണ്ടി വന്നില്ല..... മാളുവിന്റെ ജീവിതം മാറിമറിഞ്ഞ ഒക്ടോബറിലെ തുലാമാസക്കാലം.......
അങ്ങനെ ആ ദിനം വന്നെത്തി. ഒക്ടോബർ 26, എല്ലാവരും വലിയ സന്തോഷത്തിൽ ആയിരുന്ന നാൾ. ബാൻഡ്‌സെറ്റും ചെണ്ടമേളക്കാരും..ആകെ ബഹളമയം.എല്ലാം ഒരുങ്ങിക്കഴിഞ്ഞിരുന്നു.ചെയർമാൻ എത്തി കഴിഞ്ഞിരുന്നു. അദ്ദേഹം റെസ്റ്റ് റൂമിൽ ആണ്. പരിപാടി തുടങ്ങുമ്പോൾ അദ്ദേഹം ഓഡിറ്റോറിയത്തിൽ എത്തും. അധ്യാപകരും കുട്ടികളും പരക്കം പായുകയായിരുന്നു. ഗേറ്റ് മുതൽ ഓഡിറ്റോറിയം വരെ പലവർണങ്ങൾ നിറഞ്ഞ അരങ്ങുകളാൽ അലങ്കരിക്കപ്പെട്ടു. ഗ്രീൻറൂമിൽ മീരയും ഒരുങ്ങിക്കഴിഞ്ഞു. കറുപ്പും ചുവപ്പും വിവിധ വർണങ്ങളാൽ നിറഞ്ഞ ഭരതനാട്യ വസ്ത്രത്തിൽ അവൾ അമ്മയെപ്പോലെ സുന്ദരിയായിരുന്നു. ഗ്രീൻ റൂമിൽ ചില അമ്മമാർ മക്കൾക്ക് ഭക്ഷണം വാരികൊടുക്കുന്നതും വെള്ളം വായിൽ ഒഴിച്ചു കൊടുക്കുന്നതും കണ്ടപ്പോഴാണ് മീര തന്റെ അമ്മയെ കുറിച്ചോർത്തത്.ഒരു ഷാൾ കഴുത്തിൽച്ചുറ്റി അവൾ മദിരാശി മരം ലക്ഷ്യമാക്കി നടന്നു.
അമ്മ അവിടെ ഇരിപ്പുണ്ടാർന്നു.അവളെ കണ്ടതും പൊട്ടിക്കരഞ്ഞു അമ്മ അവളെ കെട്ടിപുണർന്നു.മീരയും കരഞ്ഞു...കാരണം,ഇന്നാണ് അവൾക്ക് അവളുടെ അമ്മയെ ഒരു കാർ അപകടത്തിൽ നഷ്ടമായ ദിവസം എന്നവൾക്കു ഓർമ ഉണ്ടായിരുന്നു.താനും ഉണ്ടായിരുന്ന ആ കാറിൽ നിന്നും തന്നെ വലിച്ചു പുറത്തേക്ക് എറിഞ്ഞു അമ്മ രക്ഷപ്പെടുത്തിയതാണെന്ന്, അച്ഛൻ പറഞ്ഞു മീരക്കറിയാം. തന്നെ രക്ഷിച്ചു സ്വയം ഇല്ലാതായിത്തീർന്ന , തനിക്കു പുനർജന്മം തന്ന അമ്മ.
"ഇന്ന് ഞാൻ പ്രതികാരം ചെയ്തു കഴിഞ്ഞാൽ നിന്നെ വിട്ടു എന്നന്നേക്കുമായി പോകേണ്ടി വരുമല്ലോ മാളു...,"'അമ്മ തെങ്ങിക്കരഞ്ഞു.അമ്മയുടെ കാൽ തൊട്ട് വന്ദിച്ച് മീര അമ്മയെ ഒന്നു നോക്കി.അവൾ നടന്നകന്നു.ആ നോട്ടത്തിൽ തന്നെ, പ്രതികാരം വേണ്ട അമ്മേ...എന്നും ഇതുപോലെ എന്റെ കൂടെ ഉണ്ടായാൽ മതി എന്ന അവളുടെ അതിയായ ആഗ്രഹം അമ്മക്ക് തിരിച്ചറിയാനായി.
മീര റെസ്റ്റ് റൂമിനരികിലൂടെ ആണ് നടന്നു പോയത്.എന്തോ...,അയാളെ ഒരു നോക്കു കാണാൻ അവൾക്കു തോന്നി.വാതിൽക്കൽ നിന്നുകൊണ്ട് അവളുടെ ജീവിതം തട്ടിതെറുപ്പിച്ച ആ മനുഷ്യനെ അവൾ നോക്കി.ഒരു ധനികന്റെ എല്ലാ ജാഡയോടും കൂടെ അയാൾ ഇരുന്നു.കറുത്ത സ്യുട്ടും...കൂളിംഗ് ഗ്ലാസും ധരിച്ച ഒരു പകൽമാന്യൻ.മീരയുടെ കണ്ണുകളിൽ ക്രോധം പകർന്നാടി. പക്ഷെ സ്വയമേ ശാന്തയാക്കി അവൾ സ്റ്റേജിലേക്ക് നടന്നു.
പരിപാടി ആരംഭിക്കാറായി..."നിങ്ങളെ ഇന്നത്തെ പരിപാടിയിലേക്ക് സ്വാഗതം ചെയ്യാൻ,ശിവഭഗവാന്റെ പ്രിയപുത്രികൾ...ഇതാ..മീരയും സംഘവും...",അനൗൺസ്മെന്റ് വന്നു.എല്ലാവരും സ്റ്റേജിലേക്ക് ആകാംഷയോടെ നോക്കി നിന്നു. പെട്ടന്നു ഒരു അലർച്ച...."അയ്യോ..സാറന്മാരേ....ചെയർമാൻ...ചെയർമാൻ...,"പ്യുണ് ശശി ചേട്ടൻ ഓഡിറ്റോറിയത്തിലേക്കു ഓടി വന്നു.ചാക്കോ മാഷിന്റെ ചെവിയിൽ എന്തോ പറഞ്ഞു...പിന്നെ എല്ലാ അധ്യാപകരും റെസ്റ്റ് റൂമിലേക്ക് ഓടി.പിന്നാലെ കുട്ടികളും...മീരയും കൂടെ ഓടി റെസ്റ്റ് റൂം ലക്ഷ്യമാക്കി."'അമ്മ അയാളെ കൊന്നുകാണുമോ?,"മീര തെല്ലൊരുവിഷമത്തോടെ അവിടേക്ക് പാഞ്ഞു.കുട്ടികളെ എല്ലാം തള്ളി നീക്കി അവൾ മുന്നോട്ടു കുതിച്ചു.
മുറിയിലെ ഫാനിൽ നിന്നും അയാൾ തൂങ്ങി കിടക്കുകയാണ്.മീര ചുറ്റും നോക്കി അമ്മ പിന്നിൽ നിന്നും ഓടിവരുന്നത് അവൾ കണ്ടു.ആത്‍മഹത്യ ആണ് എന്ന് വ്യക്തം. കുട്ടികളുടെ വലയം ഭേദിച്ചു അമ്മ മുറിയില്ലേക്കു പ്രവേശിച്ചു.ക്രോധാഗ്നിയിൽ ജ്വലിക്കുകയായിരുന്നു ആ കണ്ണുകൾ.അയാളുടെ മുഖത്തേക്ക് അവർ ഒന്ന് നോക്കി.പിന്നെ ചുറ്റും നിരീക്ഷിച്ചു.ആരുടെയും ശ്രദ്ധയിൽപെടാതെ കിടന്നിരുന്ന ഒരു കുറിപ്പ് അവിടെ ഉണ്ടായിരുന്നു. അതു കയ്യിൽ ചുരുട്ടിപിടിച്ചു ,അമ്മ മീരയോട് പുറത്തേക്കു വരുവാൻ ആവശ്യപ്പെട്ട്...അപ്രത്യക്ഷയായി.
മീര പുറത്തേക്ക് ഓടി.അമ്മ അവിടെ നിൽപ്പുണ്ടായിരുന്നു.അവരുടെ കണ്ണുകൾ കലങ്ങിയിരുന്നു. മീര ആ കുറിപ്പ് അമ്മയുടെ കയ്യിൽ നിന്നും വാങ്ങി വായിക്കാൻ ആരംഭിച്ചു.
"പ്രിയപ്പെട്ട കത്രീന അറിയേണ്ടതിനു,ഇളയച്ഛൻ ജോസഫ് എഴുതുന്നത്...
ഞാൻ ഇന്ന് തന്നെ ഈ പരിപാടി വക്കാൻ വാശിപിടിച്ചത്, ഇന്ന് ഞാൻ നിന്നെ ലോറി പിടിപ്പിച്ചു ഇല്ലാതാക്കിയ ദിനമാണെന്നു ഓർമ ഉള്ളത് കൊണ്ടാണ്.നിന്റെ സ്മരണ ദിനം.ഇന്ന് നിന്റെ മകളെ ഞാൻ കണ്ടു.അവൾ നിന്നെ പോലെ തന്നെ.ഒരേ അച്ചിൽ വാർത്തെടുത്ത പോലെ.
ഇന്ന് ഞാൻ ഈ പരിപാടിയിലൂടെ ഒരു കുമ്പസാരമാണ് ഉദ്ദേശിച്ചത്...നിന്നെ ഇല്ലാതാക്കി നിന്റെ എല്ലാ സ്വത്തുക്കളും കൈക്കലാക്കാൻ എന്നെ ഒരു പിശാചാക്കി മാറ്റിയ ആ കഥ എല്ലാവരോടും പറയാൻ,പിന്നെ എല്ലാം നിന്റെ മകൾക്ക് തിരിച്ചു നൽകാൻ..പക്ഷേ, ഇന്ന് അവളുടെ കണ്ണുകളിൽ പകയും നിസ്സഹായതയും വിഷമവും കണ്ടപ്പോൾ...എനിക്ക് എന്നൊടുത്തന്നെ വെറുപ്പ് തോന്നി.നിന്റെ മകൾക്ക് സ്വത്തുക്കൾ മാത്രമേ എനിക്ക് തിരിച്ചു നൽകാൻ സാധിക്കു.പക്ഷെ അവളുടെ അമ്മയെ നൽകാൻ ആവില്ലല്ലോ..
ഭ്രാന്തമായ സ്നേഹമായിരുന്നു എനിക്ക് ,റോസിയോട്. അവളെ സ്വന്തമാക്കുന്നത് എന്റെ സ്വപ്നം ആയിരുന്നു.പണക്കാരണയാൽ അവളെ സ്വന്തമാക്കാൻ സാധിക്കും എന്ന് കരുതി.അതിനുവേണ്ടി അപ്പച്ചൻ നിന്റെ പേരിൽ എഴുതിവച്ച കോടികളുടെ സ്വത്ത് കൈക്കലാക്കാൻ ഞാൻ നിന്നെ ഇല്ലാതാക്കി.
പണകിലുക്കത്തിൽ ഞാൻ അവളെ കെട്ടി.പക്ഷെ പതിനഞ്ചു വർഷം കൂടെ ജീവിച്ചിട്ടും അവളുടെ ഹൃദയം നേടിയെടുക്കാൻ എനിക്ക് കഴിഞ്ഞില്ല.അവസാനം എന്നെ തനിച്ചാക്കി അവൾ സ്നേഹത്തിന്റെ ലോകത്തിലേക്ക് പറന്നകന്നു.ഞാൻ സമ്പാദിച്ചത് അനുഭവിക്കാൻ ഞങ്ങൾക്ക് മക്കൾ പോലും ഇല്ല.നിന്റെ മകളെ അനാഥയാക്കിയത്തിലുള്ള ശിക്ഷ ആയിരിക്കാം.റോസി പോയപ്പോൾ എനിക്ക് വിഷമം സഹിക്കാൻ ആയില്ല.സ്നേഹിച്ചിട്ടില്ലെങ്കിലും അവൾ എനിക്ക് ജീവനായിരുന്നു.അപ്പോഴാണ് ബാലചന്ദ്രന്റെ വേദന എനിക്ക് മനസിലായത്.ഒപ്പം എന്റെ പെങ്ങൾ,നിന്റെ അമ്മ സാറയുടെയും ജോപ്പനിച്ചായന്റെയും വിഷമം എനിക്ക് മനസ്സിലായത്.
പിന്നീണ്ട് ഭ്രാന്തമായ ഏകാന്ത വാസമായിരുന്നു. പിന്നെ ഇപ്പോഴാണ് നിന്റെ മകളെ കാണുവാൻ ധൈര്യം ഉണ്ടായത്.പക്ഷേ അവളുടെ സങ്കടം എന്റെ നെഞ്ചിൽ തുളച്ചുകയറി. ഞാൻ പോവ്വുകയാണ്. ധനത്തിന്റെ തുലാസ്സുകൾ ഇല്ലാത്ത എന്റെ റോസിയുടെ സ്നേഹത്തിലേക്ക്.എന്നോട് ക്ഷമിക്കൂ...
എന്നു സ്വന്തം...".
കത്തിൽ നിന്നും കണ്ണെടുത്തു മീര നോക്കിയപ്പോൾ അമ്മയെ കാണാനില്ല."'അമ്മ.....അമ്മേ..അമ്മാ....",ആരും വിളി കേട്ടില്ല. തന്റെ പ്രതികാരചിന്തയിൽ നിന്നും മുക്തി നേടി,കത്രീന തിരിച്ചു പോയി,താൻ വന്നിടത്തെക്കു തന്നെ.മീര പൊട്ടിപൊട്ടി കരഞ്ഞു.ഇനി ഒരിക്കലും അമ്മയെ കാണാൻ ആവില്ല എന്ന ചിന്ത അവളെ തളർത്തി.
അഞ്ചു വർഷങ്ങൾ കഴിഞ്ഞു.വീണ്ടും ഒരു ഒക്ടോബര് 26.മീര തന്റെ കോളേജിലെ മദിരാശി മരത്തിന്റെ ചുവട്ടിൽ ഇരുന്നു.അവളുടെ അമ്മയുടെ വരവും കാത്ത്."അമ്മേ....",ഒരു കുഞ്ഞു കാന്താരി മീരയെ കെട്ടിപിടിച്ചു.അതേ , മീര ഇന്നൊരു മൂന്നു വയസ്സുകാരിയുടെ അമ്മയാണ്.അവൾ തന്റെ അമ്മയെ നോക്കിനിന്നു...വിദൂരത്തെങ്ങോ നിന്ന് കത്രീന പുഞ്ചിരിച്ചു.മീരയ്ക്ക് അമ്മയുടെ സ്നേഹപരിലാളനകൾ അനുഭവപ്പെടാറുണ്ട്.അവൾ ഇപ്പോൾ തനിയേ അല്ല.അവളുടെ കൂടെ എന്നും അവളുടെ അമ്മയുണ്ട്.ഏകാന്തതയുടെ തീരത്തെ ഇല്ലാതാക്കി അവളുടെ മകളും.....
തനിയെ, ചെറുകഥ - നിങ്ങൾക്കും നിങ്ങളുടെ കഥകൾ ഞങ്ങളിലൂടെ പബ്ലിഷ് ചെയ്യാം ചെറിയ രീതിയിൽ വരുമാനം നേടാം.