ഉറുമ്പുകളോടെനിക്കെന്നും അസൂയയായിരുന്നു. കുഞ്ഞുംനാളിലും ഇപ്പോളും അതുതന്നെ. അവരുടെ ഒത്തൊരുമ, ഇണക്കം, കഠിനാദ്ധ്വാനശീലം, അങ്ങനെയങ്ങനെ ചെറിയശരീരവും ജീവിതവുംവച്ച് വലിയ സന്ദേശങ്ങളേകുന്ന മറ്റൊരു സൃഷ്ടി ഭൂമിയിലുണ്ടോ എന്നെനിക്കിപ്പോളറിയില്ല!
എന്നാൽ ഇവിടെപറയുന്നത് മറ്റൊരു കാര്യമാണ്!
കുഞ്ഞുംനാളിൽ എനിക്കു ഭയങ്കരവിശപ്പായിരുന്നു.
കിട്ടാനില്ലാത്ത എന്തിനോടും മനുഷ്യനാർത്തികൂടുമെന്നത് ഒരു പൊതുതത്ത്വമെന്നപോലെ ഓരോനാളും എനിക്കു വിശപ്പുകൂടിക്കൂടിവന്നിരുന്നു.
അന്നിന്നത്തെപ്പോലെയൊന്നുമല്ല.
അന്നെനിക്കു ഭയങ്കരസൗന്ദര്യമായിരുന്നു.
ശോഷിച്ചകൈകാലുകളും മുന്നോട്ടൊരുപാടുന്തിയവയറും വിശന്നുപലപ്പോളും പുറത്തേക്കു തള്ളിയ കണ്ണുകൾ അകത്തോട്ടുപോകാതെ പുറത്തോട്ടു തുറിച്ചുനിൽക്കുന്നതും വെയിലേറ്റുവറ്റിവരണ്ട കറുത്തത്വക്കുമെല്ലാം എന്റെ അമിതസൗന്ദര്യത്തിന്റെ ബാഹ്യലക്ഷണങ്ങളായിരുന്നു.
"കണ്ടോ കിട്ടുന്നിടത്തൂന്നൊക്കെ വലിച്ചുവാരിത്തിന്ന് ആ സാധനത്തിന്റെ വയറും കണ്ണും തള്ളിയിരിക്കുന്നത് !! "
"തിന്നുതിന്ന് ഗ്രഹണിപിടിച്ചു അശ്രീകരത്തിന്, എന്നിട്ടും കണ്ടോ വന്നുനിൽക്കുന്നത് ! "
സ്ഥിരമായി കേൾക്കുമായിരുന്ന അനുമോദനവാക്കുകൾ.
പക്ഷേ എത്രയൊക്കെ ആട്ടുംതുപ്പും കേട്ടാലും കൊണ്ടാലും കൊട്ടിയടയ്ക്കപ്പെട്ട പടിപ്പുരകൾക്കുമുന്നിൽ ഞാൻ വീണ്ടുംചെന്നുനിൽക്കാറുണ്ടായിരുന്നു.. മറ്റൊന്നുംകൊണ്ടല്ല അന്ന് വിശപ്പിനേക്കാൾ എന്നെ വേദനിപ്പിച്ച മറ്റൊന്നുമില്ലായിരുന്നുവെന്നതിനാൽ.
അപ്പോളും കേൾക്കാം അനുമോദനങ്ങൾ.
"ഹോ ! ആ ആർത്തിപ്പണ്ടാരം ! വന്നുനിൽക്കുന്നുണ്ട്, ആ ശവത്തിന്റെ വയറ്റിൽ പട്ടി പെറ്റുകിടപ്പുണ്ടെന്നാണ് തോന്നുന്നത് എത്രകിട്ടിയാലും കൈനീട്ടിനിൽക്കും..! "
"അങ്ങേവീട്ടിൽപോയി വയറുമുട്ടേ തെണ്ടിത്തിന്നിട്ടാണ് പണ്ടാരം ഇങ്ങോട്ടുവന്നിരിക്കുന്നത്"
"നാശംപിടിച്ചതിനെയൊക്കെ എന്തിനാണ് ദൈവമിങ്ങനെ സൃഷ്ടിച്ചുവിട്ടിരിക്കുന്നത് !! "
അന്ന് ഇതൊക്കെ കേൾക്കുമ്പോൾ ചിരിവരാറില്ല ,കരച്ചിലും.
അങ്ങേവീട്ടീന്നു പച്ചവെള്ളംപോലും തരാതെ പട്ടിയെ അഴിച്ചുവിട്ടോടിച്ചതാണെന്നവരറിയുന്നില്ലല്ലോ....
വിശപ്പുകൊണ്ടുതളർന്നുപോകുമ്പോളാണ് കൈനീട്ടാൻ പോകുന്നത്...അപ്പോളാണ് ഇതുപോലുള്ള വാക്കുകൾ കേട്ടിരുന്നത്...എത്ര കേട്ടാലും വീണ്ടും അകത്തോട്ടുനോക്കിനിൽക്കും.
കുറേനിന്നുതളരുമ്പോൾ ഒന്നുംകിട്ടാത്തതിന്റെ നിരാശയിൽ സ്ഥിരമായിരിക്കാറുള്ള കുരിശുപള്ളിയുടെ ചുവട്ടിൽപോയിരിക്കും.
അവിടെ ഞാനൊക്കെ ജനിച്ചുവീഴുന്നതിനുമുന്നേ കുടിയേറിപ്പാർത്ത വേറെ കുറേപ്പേരുണ്ട്,ഉറുമ്പുകൾ!!
അവയങ്ങനെ അവരുടെ അന്നത്തെ അദ്ധ്വാനത്തിന്റെ ഫലവുംപേറി ഒതുക്കത്തോടെവരിവരിയായി പോകുന്നത് കാണാം.
അവരുടെ ശരീരത്തേക്കാൾ വലിപ്പമുള്ള ഭക്ഷണാവിശിഷ്ടങ്ങൾതൂക്കിപ്പിടിച്ച് അവ പോകുന്നതുകാണുമ്പോൾ കൊതിതോന്നും അവയുടെ ഭക്ഷണം കണ്ടിട്ടല്ലാ ..അവയുടെ വയറ് കണ്ടിട്ട്, എത്ര ചെറിയ വയറാണ് !
അവരുടെ വയറ് ചെറുതായതുകൊണ്ട ഒരുതരി പഞ്ചസാരയോ അല്ലെങ്കിൽ ബ്രെഡിന്റെയോ ബിസ്കറ്റിന്റെയോ പൊടികൊണ്ട് അവറ്റകൾക്കു് കുറഞ്ഞതൊരാഴ്ച സുഖമായി ജീവിക്കാം...എനിക്കാണേൽ ദൈവം വലിയ വയറുംതന്നു എന്നാൽ അതിനൊത്ത ഭക്ഷണവുമില്ല!!
അന്നുതൊട്ടേ എനിക്കവറ്റകളോട് അടങ്ങാത്ത അസൂയയും കുശുമ്പുമാണ്..
എന്താലെ ദൈവത്തിന്റെ വികൃതികൾ!!
ദൈവത്തിന്റെ വികൃതികൾ !! നിങ്ങൾക്കും നിങ്ങളുടെ കഥകൾ ഞങ്ങളിലൂടെ പബ്ലിഷ് ചെയ്യാം ചെറിയ രീതിയിൽ വരുമാനം നേടാം.
ദൈവത്തിന്റെ വികൃതികൾ !! നിങ്ങൾക്കും നിങ്ങളുടെ കഥകൾ ഞങ്ങളിലൂടെ പബ്ലിഷ് ചെയ്യാം ചെറിയ രീതിയിൽ വരുമാനം നേടാം.