Hi,im Dr.Smitha Dimju
ഞാനും എന്റെ ഭർത്താവും കൊറോണ വൈറസിന്റെ പിടിയിൽ നിന്നും മുക്തി നേടി സുഖം പ്രാപിച്ച വിവരം സന്തോഷത്തോടെ എല്ലാവരെയും അറിയിക്കുന്നു..🙂
ജൂൺ ഏഴിന് കോവിഡ് പോസിറ്റിവ് ആണെന്ന് അറിഞ്ഞ നിമിഷം മുതൽ ജൂൺ 27 ന്, ഞങ്ങൾ കോവിഡിൽ നിന്നും മുക്തി നേടി എന്ന സർക്കാർ ക്ലിയറൻസ് സർട്ടിഫിക്കറ്റ് കിട്ടിയത് വരെയുള്ള അനുഭവങ്ങൾ ഞാൻ ഇവിടെ പങ്കു വയ്ക്കുന്നു..
ജൂണ് അഞ്ചിനാണ് എന്റെ ഹസ്ബൻഡ്, Dr.Dimju Gopal ന് പനി തുടങ്ങുന്നത്.. അദ്ദേഹം എപ്പോഴെങ്കിലും വീട്ട് സാധനങ്ങൾ വാങ്ങാൻ മാത്രമേ പുറത്തിറങ്ങിയിരുന്നുള്ളു. അതും എല്ലാവിധ മുൻകരുതലുകളോടും കൂടി.. അതിനാൽ ഒരിക്കലും കൊറോണ എന്ന ചിന്തയിലേക്ക് മനസ് പോയില്ല..
പിറ്റേ ദിവസം പനി കടുത്തു.. രുചിയും ഗന്ധവും അറിയുന്നില്ല. അതോടെ ചെറിയൊരു ഭയവും വന്നു ..
ഇവിടെ ഞങ്ങൾ രണ്ടു പേരും ഏഴ് വയസായ മോളും മാത്രമേ ഉള്ളൂ.. ഞങ്ങൾക്ക് ചുറ്റും ധാരാളം മലയാളികൾ കൊറോണ പിടിപെട്ടു മരിക്കുന്ന വാർത്തകളാണ് ദിവസവും കേൾക്കുന്നത്..
ഞാൻ അദ്ദേഹത്തിന് പനിക്കുള്ള കഷായം വെച്ചു കൊടുത്തു.
ജൂൺ ഏഴിന് രാവിലെ ആയപ്പോഴേക്കും പനി കുറഞ്ഞു. പക്ഷെ ചെറുതായി ചുമ തുടങ്ങി..
സംശയം തീർക്കാൻ അടുത്തുള്ള ഹോസ്പിറ്റലിൽ പോയി കോവിഡ് PCR ടെസ്റ്റ് ചെയ്തു..
അന്ന് രാത്രി എട്ടു മണിയോടെ ആശുപത്രിയിൽ നിന്നും മൊബൈലിൽ മെസ്സേജ് വന്നു, "കോവിഡ് പൊസിറ്റിവ്"..
ആ ഒരു നിമിഷം ഞാൻ എങ്ങനെ തരണം ചെയ്തു എന്ന് ഇപ്പോഴും എനിക്ക് പറയാൻ അറിയില്ല.. മനസ്സ് ആകെ തകർന്നു പോയി.. കാരണം, അതിന് തൊട്ടു മുൻപ് ഞാൻ ടിവി യിൽ കണ്ട വാർത്ത "കോവിഡ് ബാധിച്ചു ഒരു മലയാളി കൂടി മരണപ്പെട്ടു" എന്നതായിരുന്നു..
റിസൾട്ട് പൊസിറ്റിവ് ആണെന്ന് അറിഞ്ഞപ്പോൾ നന്നായി ഭയന്നെങ്കിലും അദ്ദേഹം ഞങ്ങൾക്ക് മുന്നിൽ ധൈര്യം അഭിനയിച്ചു..
പേടിക്കേണ്ട,ഒരു സാധാരണ പനി പോലെ കണ്ടാൽ മതി, എത്രയോ പേർ സുഖം പ്രാപിക്കുന്നുണ്ട്. അക്കൂട്ടത്തിലെ ഞാൻ പെടുകയുള്ളൂ.. അദ്ദേഹം എനിക്ക് ധൈര്യം നൽകി.
ഹെൽത്ത് മിനിസ്ട്രിയിൽ (MOH) വിളിച്ചപ്പോൾ പനിയുണ്ടെങ്കിൽ പാരസെറ്റാമോൾ കഴിക്കുക.വിറ്റാമിൻ സി കഴിക്കുക.ഹെൽത്തി ഭക്ഷണം കഴിക്കുക. അല്ലാതെ മറ്റൊന്നും വേണ്ട എന്നറിയിച്ചു. ശ്വാസംമുട്ട് പോലെ എന്തെങ്കിലും ബുദ്ധിമുട്ട് തോന്നുന്നെങ്കിൽ മാത്രം ഹെല്പ് ലൈനിൽ വിളിച്ചാൽ മതി എന്നും, ആംബുലൻസ് എത്തി കൊണ്ട് പൊയ്ക്കോളുമെന്നും അവർ അറിയിച്ചു. വീട് നമ്പറും ഐഡി നമ്പറും എല്ലാം വാങ്ങി വെച്ചു. അവർ പറഞ്ഞ ഒരു ഹോട്ടലിലേക്ക് വേണമെങ്കിൽ ഐസോലേഷനിൽ പോകാനും പറഞ്ഞു..
പക്ഷെ ഞങ്ങളെ ഇവിടെ ഇട്ടിട്ട് പോകാൻ പുള്ളി തയാറായിരുന്നില്ല. ഭാര്യയേയും കുട്ടിയെയും കാണാതെ ഇരുന്നാൽ ടെൻഷൻ കയറി മരിച്ചുപോകും എന്നാണ് അദ്ദേഹം ഹെൽത്ത് മിനിസ്ട്രിയിൽ നിന്നും വിളിച്ചവരോട് പറഞ്ഞത്. ഒരു രോഗിയുടെ മാനസിക ധൈര്യം ആണല്ലോ ഏറ്റവും വലുത്. മറ്റു കോംപ്ലിക്കേഷൻസ് ഒന്നുമില്ലാഞ്ഞതിനാൽ അവർ
"ഹോം ഐസോലാഷനിൽ" കഴിയാൻ അനുവദിച്ചു. പതിനാല് ദിവസം ഞങ്ങൾ ആരും പുറത്തിറങ്ങരുത് എന്നും പറഞ്ഞു...
രണ്ടു റൂമുള്ള ഞങ്ങളുടെ അപ്പാർട്ട്‌മെന്റിലെ ഒരു മുറിയിൽ കയറി അദ്ദേഹം വാതിലടച്ചു.. ഇനി പതിനാല് ദിവസം..
നിസ്സഹായരായി, തകർന്ന മനസ്സോടെ ഞാനും മോളും അത് നോക്കി നിന്നു.. ഒരു ഡോക്ടറാണെന്ന കാര്യം പോലും അപ്പോൾ ഞാൻ മറന്നു.. ആ വാതിലിന് മുന്നിൽ കുഞ്ഞിനെയും ചേർത്തുപിടിച്ചു ഞാനിരുന്നു.. കൊറോണയെക്കുറിച്ചു അതു വരെ വായിച്ചു വെച്ച കാര്യങ്ങളെല്ലാം മറന്നു ഞാൻ..മനസ്സിൽ ഭയം മാത്രം..
ആകെ വല്ലാത്തൊരു അവസ്ഥയിലേക്ക് മനസ്സ് പോകാൻ തുടങ്ങിയപ്പോഴാണ് എനിക്ക് ഒരാളുടെ മുഖം ഓർമ്മ വന്നത്. ആയുർവേദ ഡോക്ടർമാരുടെ"കൂടെ" എന്ന സംരംഭത്തിലൂടെ പകലന്തിയോളം കോവിഡ് വിഭ്രാന്തി അനുഭവിക്കുന്നവർക്ക് മാനസികമായി സാന്ത്വനം നൽക്കുന്ന Dr.പരശുറാമിനെ.. ഞാൻ അപ്പോൾ തന്നെ പരശുറാമിന് എന്റെ വിവരങ്ങൾ പറഞ്ഞു ഒരു വോയ്സ് മെസ്സേജ് അയച്ചു..
വിവരങ്ങൾ കേട്ട ശേഷം പരശുറാം ഏകദേശം പത്തു മിനിറ്റോളം ദൈർഘ്യമുള്ള ഒരു വോയ്സ് മെസ്സേജ് എനിക്ക് തിരിച്ചയച്ചു..
അതെന്നിൽ സൃഷ്ടിച്ച ധൈര്യവും ആത്മവിശ്വാസവും കുറച്ചൊന്നുമായിരുന്നില്ല.
പിന്നീട് ഞങ്ങൾ ആദ്യം ചെയ്തത് ന്യൂസ് ചാനലുകൾ കാണുന്നത് ഒഴിവാക്കി എന്നതാണ്.. മരണ വിവരങ്ങൾ ഹൈലൈറ്റ് ചെയ്ത് പറയുന്നത് കേൾക്കുമ്പോൾ നോർമൽ ആയ ഒരാൾ പോലും അറ്റാക്ക് വന്ന് മരിക്കാൻ സാധ്യതയുണ്ട്..
പിറ്റേ ദിവസം നേരം പുലർന്നത് മുതൽ ഞാൻ മനസ്സ് കൊണ്ട് തയ്യാറെടുത്തു.. കോവിഡിനെ നേരിടുക..എന്റെ ഭർത്താവിനെ പഴയ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വരുക..
ആ ധൈര്യം ഞാൻ അദ്ദേഹത്തിനും പകർന്നു കൊടുത്തു. അതുവരെ ഒരുമിച്ചു കഴിഞ്ഞതിനാൽ കൊറോണ വൈറസ് എന്റെ ശരീരത്തിലും കയറിയിട്ടുണ്ടാകും എന്ന് ഞാൻ ഉറപ്പിച്ചു. ലക്ഷണങ്ങൾ ഏതു നിമിഷവും ഞാൻ പ്രതീക്ഷിച്ചു...
പിന്നീട് ഞങ്ങൾ മൂന്ന് പേരും ഒരേ മനസ്സോടെ പോരാടാൻ തീരുമാനിച്ചു.. നാട്ടിൽ വിളിച്ചു അച്ഛനമ്മമാരെ വിവരം അറിയിച്ചു.. ആദ്യം ഭയന്നെങ്കിലും പിന്നീട് ധൈര്യം പകർന്ന് കുടുംബം ഞങ്ങൾക്കൊപ്പം നിന്നു.. ഞങ്ങൾക്കായി പ്രാർത്ഥനകളും വഴിപാടുകളും നേർന്നു.. ഒന്നും സംഭവിക്കില്ല എന്ന് തുടർച്ചയായി അവർ ഞങ്ങളോട് പറഞ്ഞുകൊണ്ടിരുന്നു..
ഇവിടെ ഞങ്ങളുമായി നല്ല അടുപ്പം ഉള്ള ഒരു മോഡേൺ മെഡിസിൻ ഡോക്ടറുമായി കാര്യങ്ങൾ സംസാരിച്ചപ്പോൾ, ഹസ്ബൻഡിന് ചുമയുണ്ടായതിനാൽ ചെസ്റ്റ് ഇൻഫെക്ഷൻ വരാതിരിക്കാൻ ഒരു ആന്റിബയോട്ടിക്ക് കൂടി കഴിക്കുന്നത് നല്ലതാണ് എന്ന് പറഞ്ഞു. ഒരു ദിവസം ഒരു ഗുളിക...മൂന്ന് ദിവസം കഴിച്ചിട്ട് വിവരം അറിയിക്ക് എന്നും പറഞ്ഞു.
കുഞ്ഞും കൂടെ ഉള്ളതിനാൽ കോട്ടക്കൽ ആയുർവേദ കോളേജിലെ Dr.ദിനേശ് സാറിനെ വിളിച്ചു ഞങ്ങളുടെ അവസ്ഥകൾ അറിയിക്കാൻ തീരുമാനിച്ചു.
കോവിഡ് പോസിറ്റിവ് എന്ന് പറഞ്ഞപ്പോൾ, ഒട്ടും പേടിക്കേണ്ട എന്ന് പറഞ്ഞാണ് ദിനേശ് സാർ സംസാരിച്ചു തുടങ്ങിയത്..പിന്നീട് സാറിന്റെ നിർദേശ പ്രകാരമുള്ള ആയുർവേദ മരുന്നുകൾ ഞങ്ങൾ മൂന്ന് പേരും കഴിച്ചു തുടങ്ങി...
ഒരു ജലദോഷം വന്നു എന്ന് മാത്രം കരുതിയാൽ മതി എന്നു സാർ ധൈര്യം നൽകി...
Disposable പാത്രങ്ങളും ഗ്ളാസ്സും വാങ്ങി വെച്ചു. അതിൽ ഹസ്ബൻഡിനുള്ള ഭക്ഷണം വിളമ്പി അദ്ദേഹം കിടക്കുന്ന റൂമിന് മുന്നിൽ കൊണ്ടു വെച്ചു കൊടുത്തു. ഞാനും മോളും വീടിനുള്ളിൽ
മാസ്കും ഗ്ലൗസും ഉപയോഗിച്ചു.. മോളെ കാര്യങ്ങളുടെ ഗൗരവം പറഞ്ഞു മനസ്സിലാക്കി..
ഒട്ടും ഭയക്കേണ്ട, ഞങ്ങൾ കൂടെയുണ്ട് എന്ന് പറഞ്ഞു കൊണ്ട് അജ്‌മാൻ കോട്ടക്കൽ ആയുർവേദ ട്രീറ്റ്മെന്റ് സെന്ററിലെ ഡോക്ടർമാരും എം ഡി യും മാനസിക പിന്തുണ നൽകി ഞങ്ങൾക്കൊപ്പം നിന്നു.. ഞങ്ങൾക്കുള്ള എല്ലാ ആയുർവേദ മരുന്നുകളും, വീട്ടു സാധനങ്ങളും അവർ എത്തിച്ചു കൊണ്ടേയിരുന്നു..
തുളസിയിലയും, ചെറിയഉള്ളിയും,
ഇഞ്ചിയും മല്ലിയും ചതച്ചിട്ട് വെള്ളം തിളപ്പിയ്ച്ചു ചൂടോടെ ഇടയ്ക്കിടയ്ക്ക് ഞാൻ അദ്ദേഹത്തിന് കൊടുത്തുകൊണ്ടിരുന്നു, ഒപ്പം ഞാനും മോളും അത് കുടിച്ചു.. ഞാൻ വിറ്റാമിൻ സി ഗുളികയും കഴിച്ചു..
ജൂൺ ഒൻപതിന് ന് രാത്രി അദ്ദേഹത്തിന് ശക്തമായ ചുമയും ചെറിയ ശ്വാസതടസ്സവും അനുഭവപ്പെട്ടു.. കൂടുകയാണെങ്കിൽ ആംബുലൻസ് വിളിച്ചു ഹോസ്പിറ്റലിൽ പോകാം എന്ന് കരുതി.. പക്ഷെ അതിന്റെ ആവശ്യം വന്നില്ല..അത് താനെ കുറഞ്ഞു..
ജൂൺ പത്തു മുതൽ ഞാൻ തിരിച്ചറിഞ്ഞു, എനിക്കും ഗന്ധവും രുചിയും അറിയുവാനുള്ള കഴിവ് നഷ്ടപ്പെട്ടിരിക്കുന്നു.. കൊറോണ വൈറസ് എന്റെ ശരീരത്തിലും പണി തുടങ്ങിയിരിക്കുന്നു എന്ന് ....
ദൈവാനുഗ്രഹവും കുടുംബത്തിന്റെ പ്രാർത്ഥനയും കൊണ്ടാകാം ആ സമയം എനിക്ക് ഒരു ഭയവും തോന്നിയില്ല.. കുഞ്ഞിന് വരരുതെന്ന് മാത്രം പ്രാർത്ഥിച്ചു.. അദ്ദേഹത്തോട് ഇത് പറയാൻ തോന്നിയില്ല.. വെറുതെ ടെൻഷൻ ആക്കണ്ട എന്ന് കരുതി..
പിറ്റേ ദിവസം എനിക്ക് മൂക്കടപ്പ് പോലെ വന്നു.. പിന്നെ ഒന്നും ചിന്തിച്ചില്ല, PCR ടെസ്റ്റ് ചെയ്തു. അടുത്ത ദിവസം റിസൾട്ട് എൻ്റെ മൊബൈലിലേക്ക് വന്നു.
"ഞാനും കോവിഡ് പോസിറ്റിവ്.." പ്രതീക്ഷിച്ചു ഇരുന്നതിനാൽ പ്രത്യേകിച്ചു ഒന്നും തോന്നിയില്ല..അദ്ദേഹത്തോട് പറഞ്ഞ അതേ കാര്യങ്ങൾ MOH എന്നോടും പറഞ്ഞു..
ഇത് അദ്ദേഹത്തോട് പറഞ്ഞാൽ പേടിക്കുമോ, അസുഖം കൂടുമോ എന്നൊക്കെ ഞാൻ സംശയിച്ചു.. അതിനാൽ ചിരിച്ചു കൊണ്ട് തന്നെ പറയാമെന്ന് കരുതി..
"അതേയ് കൂട്ടിനാളുണ്ട്. ഞാനും പോസിറ്റിവാണ്. ഇനി പതിനാല് ദിവസം ഒറ്റയ്ക്കായി എന്ന് കരുതണ്ട.."
ആദ്യം ഒന്ന് വിഷമിച്ചെങ്കിലും പിന്നീട് അദ്ദേഹവും അതൊരു ചിരിയോടെ നേരിട്ടു..
പിന്നീട് ഞങ്ങൾ കൊറോണ,കോവിഡ് എന്നീ പേരുകൾ ജീവിതത്തിൽ നിന്നും മായ്ച്ചു കളഞ്ഞു. വന്നത് വെറുമൊരു ജലദോഷം എന്ന് മനസ്സിൽ ഉറപ്പിച്ചു.. നന്നായി പ്രാർത്ഥിച്ചു.
അദ്ദേഹം ആന്റിബയോട്ടിക് മൂന്ന് ഗുളികകൾ കോഴ്സ് പൂർത്തിയാക്കി നിർത്തി. ആയുർവേദ മരുന്നുകൾ തുടർന്നു കൊണ്ടിരുന്നു..
എട്ട് ദിവസത്തോളം അദ്ദേഹത്തിന് ആ ചുമയും അസ്വസ്ഥയും ഉണ്ടായിരുന്നെങ്കിലും ഓരോ ദിവസം കഴിയും തോറും അതിന്റെ ശക്തി കുറഞ്ഞു കുറഞ്ഞു വരുകയായിരുന്നു...
എന്റെ കോവിഡ് ലക്ഷണങ്ങൾ എന്നത്, ഏഴു ദിവസത്തോളം രുചിയും മണവും അറിഞ്ഞില്ല, ആദ്യ രണ്ടു ദിവസം ചെറിയ മൂക്കടപ്പ്, പിന്നെ വല്ലപ്പോഴും രാവിലെ എണീക്കുമ്പോൾ മാത്രം ഒരു ഡ്രൈ കഫ്, ക്ഷീണം...എന്നിവയായിരുന്നു.. എനിക്ക് പനിച്ചിട്ടില്ല.. ദൈവാനുഗ്രഹത്താൽ മറ്റു ബുദ്ധിമുട്ടുകളൊന്നും ഉണ്ടായില്ല...
ഞങ്ങൾ ആരോഗ്യകരമായ ഭക്ഷണങ്ങൾ ഉപയോഗിച്ചു. ധാരാളം പച്ചക്കറികളും പഴങ്ങളും കഴിച്ചു.. എല്ലാം എത്തിച്ചു തരാൻ ആളുണ്ടായിരുന്നു.
വൈറസ് നോട് പോരാടി നിൽക്കുവാനുള്ള ശക്തി പകർന്നുകൊണ്ട് ആയുർവേദ മരുന്നുകളും ഞങ്ങൾക്കൊപ്പം
ഉണ്ടായിരുന്നു ..ആ മരുന്നുകൾ അവയുടെ ധർമ്മം കൃത്യമായി നിർവഹിച്ചു..
തുളസിയും, ഉള്ളിയും ,മല്ലിയും, മഞ്ഞളും ഇട്ടു തിളപ്പിച്ച വെള്ളം ഇടയ്ക്കിടയ്ക്ക് കുടിച്ചു..
ജോലി ചെയ്യുന്ന ഹോസ്പിറ്റലിന്റെ MD യുടെ വീട്ടിൽ നിന്നും കൊണ്ടു വന്നിരുന്ന ചോറും കറികളും ആ സമയത്തു വലിയ ആശ്വാസമായി..
എല്ലാ ദിവസവും ഞങ്ങൾ ഒരുപാട് കോമഡി സിനിമകൾ കണ്ടു. ടിക് ടോക്കുകൾ ചെയ്തു.. പരസ്പരം തമാശകൾ പറഞ്ഞു.. ചിരിച്ചു..
ഭയം എന്ന വികാരത്തെ അടുപ്പിക്കാതെ അകറ്റി നിർത്തി...
കോവിഡ് ബാധിതരാണെന്നു,ഞങ്ങളുടെ കുടുംബത്തിനും പിന്നെ ഇവിടെ ഏറ്റവും അടുത്ത കുറച്ചു സുഹൃത്തുക്കൾക്കും മാത്രമേ അറിയുന്നുണ്ടായിരുന്നുള്ളൂ...അതുകൊണ്ട് തന്നെ അസുഖം എങ്ങനെയുണ്ട് എന്ന ചോദ്യം എവിടെ നിന്നും കേൾക്കേണ്ടി വന്നില്ല..
ഞങ്ങൾക്ക് രണ്ടു പേർക്കും അസുഖം തുടങ്ങി ആദ്യത്തെ ഏഴ് ദിവസം രുചിയും മണവും അറിഞ്ഞിരുന്നില്ല.. അന്നൊക്കെ കഴിക്കുന്ന ഭക്ഷണത്തിന് ഉപ്പാണോ പുളിയാണോ എന്നൊക്കെ പറഞ്ഞു തന്നിരുന്നത് മോളാണ്...എന്തോ മഹാഭാഗ്യം,അവൾക്ക് ഒന്നും വന്നില്ല...
അങ്ങനെ ആ ദിവസങ്ങളും ഞങ്ങൾ കടന്നു പോയി... പതിനാല് ദിവസത്തിന് ശേഷം ഒരു ദിവസം (June 22) ഹസ്ബൻഡ് ന് ചുമ വന്നപ്പോൾ അദ്ദേഹത്തിന്റെ chest xray എടുത്തു നോക്കി..പേടിക്കാൻ ഒന്നുമില്ല.. infection ഒന്നുമില്ല എന്നറിഞ്ഞപ്പോൾ സമാധാനമായി... ഇപ്പോൾ ചുമയൊന്നും ഇല്ല.. ജൂൺ 27 ന് എനിക്കും പതിനാല് ദിവസങ്ങൾ കഴിഞ്ഞു...
കഴിഞ്ഞ ദിവസം ഞങ്ങൾ ഹോസ്പിറ്റലിൽ പോയി ചെക്ക് അപ്പ് ചെയ്തു, രണ്ട് പേർക്കും ക്ലീയറൻസ് സർട്ടിഫിക്കറ്റും കിട്ടി..ഇനി ഞങ്ങൾ ഫ്രീ ആണ് എന്ന് അധികൃതർ അറിയിച്ചു..
ലോകം മുഴുവൻ ഭീതിയോടെ കണ്ട ആ മഹാമാരി വരാതിരിയ്ക്കുവാൻ പരമാവധി ശ്രദ്ധിച്ചു.. പക്ഷെ വന്നു.. ആദ്യം ഒന്നു പതറിയെങ്കിലും പിന്നീട് ധൈര്യമായി നേരിട്ടു.. പോസിറ്റിവ് മനസ്സോടെ പതിനാല് ദിവസങ്ങൾ തള്ളി നീക്കി... ഇനിയങ്ങോട്ട് ബുദ്ധിമുട്ടുകൾ ഒന്നും ഉണ്ടാകില്ല എന്ന് പ്രതീക്ഷിക്കുന്നു..പ്രാർത്ഥിക്കുന്നു..
ഞങ്ങളിലൂടെ ആ വൈറസ് മറ്റൊരാൾക്കും കിട്ടിയില്ല എന്ന സന്തോഷം എന്നും ഞങ്ങളോടൊപ്പം ഉണ്ടാകും..
ഈശ്വരന്, കുടുംബത്തിന്,മാനസിക പിന്തുണ നല്കിയവർക്ക്,എല്ലാം എത്തിച്ചു തന്ന സുഹൃത്തുക്കൾക്ക്,
പ്രാർത്ഥിച്ചവർക്ക്, എല്ലാവർക്കും നന്ദി..
പിന്നെ ഓരോ മനുഷ്യരുടെയും ശരീരത്തിന്റെ അവസ്ഥകൾക്കനുസരിച്ചു അസുഖത്തിന്റെ തീവ്രത കൂടിയും കുറഞ്ഞും ഇരിക്കും.ചിലർ ഒരു ലക്ഷണങ്ങളും കാണിക്കാതെയും ഇരിക്കും.. വന്നു കഴിഞ്ഞാൽ അവരവരുടെ ശാരീരിക അവസ്ഥകൾക്കനുസരിച്ചുള്ള ചികിത്സ തേടുക..എല്ലാ മേഖലയിലുമുള്ള ആരോഗ്യ പ്രവർത്തകരുടെ നിർദേശങ്ങൾ കൃത്യമായി പാലിക്കുക..ആർക്കും വരാതിരിക്കട്ടെ...
എല്ലാവരും പറയും പോലെ...
When we are Positive, Corona result will be Negative..👍👍
❤️Dr.Smitha Dimju❤️
കൂടുതൽ അറിയാൻ Real Source :-
https://m.facebook.com/photo.php?fbid=3960387770702024&id=100001925211007&set=a.182043541869818&source=48
https://m.facebook.com/photo.php?fbid=3960387770702024&id=100001925211007&set=a.182043541869818&source=48